ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലെ കടകളിൽ ജില്ലാ കലക്ടർ വി ആർ കൃഷ്ണതേജയുടെ നേതൃത്വത്തിൽ പരിശോധന നടത്തി 5000 രൂപ പിഴ ഈടാക്കി. പള്ളികുളം, ജയ്ഹിന്ദ് മാർക്കറ്റ്, ശക്തൻ മാർക്കറ്റ് എന്നിവിടങ്ങളിലെ മൊത്ത / ചില്ലറ വ്യാപാരശാലകളിലാണ് പരിശോധന നടത്തിയത്. 30 കടകളിൽ നടത്തിയ പരിശോധനയിൽ ഏഴു കടകളിൽ വിലവിവരപ്പട്ടിക പ്രദർശിപ്പിച്ചിട്ടില്ലെന്ന് കണ്ടെത്തി. വിലവിവര പട്ടിക പ്രദർശിപ്പിക്കണമെന്ന് കടയുടമകൾക്ക് കലക്ടർ കർശന നിർദേശം നൽകുകയും പാക്കറ്റുകളിൽ പരമാവധി വില (എംആർപി) രേഖപ്പെടുത്താത്തതിന് കേസെടുക്കുകയും 5000 രൂപ പിഴ ഈടാക്കുകയും ചെയ്തു.
പൊതു വിപണിയിൽ നിത്യോപയോഗസാധനങ്ങളുടെ വിലവർധനവ് തടയുന്നതിനും പൊതുജനങ്ങൾക്ക് ആവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിനും അമിത വില ഈടാക്കൽ, പൂഴ്ത്തിവെപ്പ്, കരിഞ്ചന്ത എന്നിവ തടയുന്നതിനും ക്രമക്കേടുകൾ റിപ്പോർട്ട് ചെയ്യുന്നതിനുമാണ് കലക്ടറുടെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. പരിശോധനയിൽ ഭക്ഷ്യസാധനങ്ങളുടെ വിലനിലവാരവും അധിക വില ഈടാക്കുന്നുണ്ടോ എന്നും കലക്ടർ പരിശോധിച്ചു.
കച്ചവട സ്ഥാപനങ്ങൾ നൽകുന്ന ബില്ലുകൾ പരിശോധിക്കുകയും കൃത്യമായ വില മാത്രമേ ഈടാക്കുന്നുള്ളൂ എന്നും കലക്ടർ ഉറപ്പുവരുത്തി. എല്ലാ ദിവസത്തെയും വിലനിലവാരം പരസ്യമായി പ്രദർശിപ്പിക്കണമെന്നും കൃത്യമായ അളവിലും തൂക്കത്തിലും ഭക്ഷ്യവസ്തുക്കൾ നൽകണമെന്നും കലക്ടർ ഉടമകളോട് നിർദ്ദേശിച്ചു.
നിത്യോപയോഗ സാധനങ്ങളുടെ വിലവർധനയുമായി ബന്ധപ്പെട്ട് പൊതുവിപണി പരിശോധനയിൽ ജില്ലാ സപ്ലൈ ഓഫീസിലെ സീനിയർ സൂപ്രണ്ട് ടി കെ ബേബി സിറാജ്, തൃശൂർ താലൂക്ക് സപ്ലൈ ഓഫീസിലെ റേഷനിംഗ് ഇൻസ്പെക്ടർമാരായ കെ പി റീന, കെ എം ദിനീഷ്, എസ് കെ ശ്രീകുമാർ, കൊടുങ്ങല്ലൂർ താലൂക്ക് സപ്ലൈ ഓഫീസിലെ റേഷനിങ് ഇൻസ്പെക്ടർമാരായ പി എം സജിന, പി കെ ഇല്യാസ്, ലീഗൽ മെട്രോളജി വകുപ്പിലെ അസിസ്റ്റൻറ് കൺട്രോളർ ബി സി അലന്സ്, ഇൻസ്പെക്ടിംഗ് അസിസ്റ്റൻറ് എൻ വി സുരേഷ്, തൃശൂർ ഫുഡ് സേഫ്റ്റി ഓഫീസർ ഡോ. രേഖ മോഹൻ തുടങ്ങിയവർ പങ്കെടുത്തു. ജില്ലയിലെ പൊതുവിപണിയിൽ വരുംദിവസങ്ങളിലും ലീഗൽ മെട്രോളജി വകുപ്പിന്റെയും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും സഹകരണത്തോടെ പരിശോധനകൾ തുടരും.