ലഹരിക്കെതിരെ പോരാടാൻ ഓരോ വ്യക്തിയും മുന്നിട്ടിറങ്ങണമെന്ന് തുറമുഖം മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. ലോക ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാന യുവജന ക്ഷേമബോർഡ്, ജില്ലാ യുവജനകേന്ദ്രം എന്നിവയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മയക്കുമരുന്നിനെതിരെ ജനകീയ സദസ്സിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. കുട്ടികൾക്കിടയിലും ലഹരിക്കെതിരെയുള്ള ബോധവൽക്കരണം ശക്തമാക്കണമെന്നും ജീവിതത്തിൽ ഒരിക്കലും ലഹരി ഉപയോഗിക്കുകയില്ലെന്ന് ഓരോ വ്യക്തികളും സ്വയം പ്രതിജ്ഞയെടുത്ത് മുന്നോട്ട് വരണമെന്നും മന്ത്രി പറഞ്ഞു.
മാനാഞ്ചിറ ഗവ. ടീച്ചർ എജ്യുക്കേഷൻ കോളേജിൽ നടന്ന ചടങ്ങിൽ യുവജന ക്ഷേമബോർഡ് മെമ്പർ ദിപു പ്രേംനാഥ് അധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് വളണ്ടിയർ അശ്വതി പി.കെ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ എ.ജെ ബെഞ്ചമിൻ, ഗവ. ടീച്ചർ എജ്യുക്കേഷൻ കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് അബ്ദുൽ റഷീദ് പൂഴിത്തറ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ പ്രിയ കെമൽ, വിമുക്തി ജില്ലാ കോ. ഓർഡിനേറ്റർ പ്രിയ എന്നിവർ സംസാരിച്ചു.
ജില്ലാ യൂത്ത് കോർഡിനേറ്റർ ടി.കെ സുമേഷ് സ്വാഗതവും ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ വിനോദൻ പൃത്തിയിൽ നന്ദിയും പറഞ്ഞു. തുടർന്ന് എക്സൈസ് പ്രിവന്റീവ് ഓഫീസർ സന്തോഷ് ചെറുവോട്ട് ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസ്സെടുത്തു.