ചാലക്കുടിയിൽ ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി ഇനിയും നിർമ്മാണം പൂർത്തീകരിക്കാത്ത സർവ്വീസ് റോഡുകളുടെ പ്രവർത്തികൾ ഉടൻ തീർക്കാൻ ജില്ലാ കലക്ടർ വി ആർ കൃഷ്ണതേജയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.
ആദ്യഘട്ടത്തിൽ ചാലക്കുടിയിലെ പോട്ട സുന്ദരികവല മുതൽ ആശ്രമം ജങ്ഷൻ വരെയുള്ള സർവ്വീസ് റോഡുകൾ ഉടൻ വീതികൂട്ടും. ഇതിന്റെ പ്രവർത്തികൾ വെള്ളിയാഴ്ച ആരംഭിക്കും. മതിലുകളടക്കമുള്ളവ പൊളിച്ചുമാറ്റി താത്കാലിക ഗതാഗത സൗകര്യം ഒരുക്കുകയും ഇലട്രിക് പോസ്റ്റുകൾ നഗരസഭയുടെ ഉത്തരവാദിത്വത്തിൽ മാറ്റി സ്ഥാപിക്കുകയും ചെയ്യും.
റോഡിന് തടസ്സമായി നിൽക്കുന്ന തേക്കുമരങ്ങൾ മുറിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ഉടൻ പൂർത്തീകരിച്ച് വെട്ടിമാറ്റാനും ധാരണയായി. ശരവണ ഹോട്ടൽ മുതൽ പനമ്പിള്ളി ജങ്ഷൻ വരെയുള്ള ഭാഗത്തും ആശാരിപ്പാറ, പാപ്പാളി ജങ്ഷൻ എന്നിവിടങ്ങളിലും സർവ്വീസ് റോഡ് പണിയും. ഈ പ്രവർത്തികൾക്കുള്ള 10 കോടി രൂപ ദേശീയപാത അതോറിറ്റി അനുവദിക്കുമെന്ന് യോഗത്തിൽ ഉറപ്പ് നൽകി.
സൗത്ത് ജങ്ഷനിലെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നടപടികളും സ്വീകരിക്കും. ഇതിനായി വെള്ളിയാഴ്ച എൻഎച്ച്എഐ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കും. ഇവിടത്തെ അടിപ്പാതയുടെ അടിഭാഗം വൃത്തിയാക്കാനും ലൈറ്റുകൾ സ്ഥാപിക്കുകയും ചെയ്യും.
ചേംബറിൽ ചേർന്ന യോഗത്തിൽ ചാലക്കുടി നഗരസഭ ചെയർമാൻ എബി ജോർജ്ജ്, ഡി വൈ എസ് പി സിനോജ് ഇ എസ്, തഹസിൽദാർ ഇ എൻരാജു , എൻ എച്ച് എ ഐ പ്രോജക്ട് ഡയറക്ടർ ബിബിൻ മധു, കൗൺസിലർ വി.ജെ.ജോജി, നഗരസഭ സെക്രട്ടറി കെ ബി വിശ്വനാഥൻ, വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.