മലയാറ്റൂർ സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്തു
എല്ലാവർക്കും ഭൂമി എല്ലാവർക്കും രേഖകൾ എന്ന ലക്ഷ്യത്തിനായി സംസ്ഥാനത്ത് പട്ടയ മിഷൻ രൂപീകരിക്കുമെന്ന് റവന്യു വകുപ്പ് മന്ത്രി കെ. രാജൻ പറഞ്ഞു. ആലുവ താലൂക്കിലെ മലയാറ്റൂർ സ്മാർട്ട് വില്ലേജ് ഓഫിസിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
പട്ടയമിഷൻ വരുന്നതോടെ കേരളത്തിൽ ദീർഘകാലമായി നിലനിൽക്കുന്ന സങ്കീർണമായ ഭൂപ്രശ്നങ്ങളെല്ലാം പരിഹരിച്ച് എല്ലാവർക്കും ഭൂമി ഉറപ്പാക്കാൻ സാധിക്കും. വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് കിടക്കുന്ന ഭൂമി പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ഏകജാലക സംവിധാനമായി പ്രവർത്തിക്കുമെന്നും മന്ത്രി പറഞ്ഞു.
മലയാറ്റൂരിൽ കൂട്ട് കൃഷി ഭൂമി സംബന്ധിച്ച് വനവകുപ്പുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾക്ക് ഒക്ടോബർ മൂന്നിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിമാർ ഉൾപ്പെടെ പങ്കെടുക്കുന്ന മേഖല കോൺഫറൻസിൽ ചർച്ച ചെയ്ത് പരിഹാരം കാണുമെന്നും മന്ത്രി പറഞ്ഞു.
ഈ സർക്കാരിന്റെ കാലാവധി അവസാനിക്കും മുൻപ് വില്ലേജ് ഓഫീസിന്റെ പരമാവധി സേവനങ്ങളും ഡിജിറ്റലാക്കും. ജനങ്ങൾക്ക് വീടുകളിൽ ഇരുന്ന് തന്നെ വില്ലേജ് ഓഫീസിന്റെ സേവനങ്ങൾ ലഭ്യമാകും. ഇതിനായി ജനങ്ങളിൽ റവന്യു ഇ – സാക്ഷരത ഉറപ്പാക്കും. റവന്യു വകുപ്പിന്റെ പ്രവർത്തങ്ങൾ കാര്യക്ഷമമാക്കാനും സുതാര്യത ഉറപ്പ് വരുത്താനും ഡിജിറ്റിലൈസേഷനിലൂടെ സാധിക്കും. മലയോരമേഖലയിലെ ജനങ്ങൾക്ക് ആശ്വാസമായി ഭൂപതിവ് നിയമത്തിൽ ഏകകണ്ഠമായി ഭേദഗതി വരുത്താൻ സാധിച്ചു. എല്ലാം മനുഷ്യരും ഭൂമിയുടെ അവകാശികളാക്കുക എന്ന ലക്ഷ്യത്തിനാ യാണ് പ്രവർത്തനങ്ങൾ നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.
പുതിയ കെട്ടിടവും ഉപകരണങ്ങൾ സജ്ജീകരിക്കുന്നതിലുപരി തങ്ങളെ ആശ്രയിക്കുന്ന ഓരോ സാധാരണക്കാരന്റെയും പ്രശ്നത്തിന് നിയമത്തിന്റെ ഉള്ളിൽ നിന്നുകൊണ്ട് പരിഹാരം കാണുന്നതോടുകൂടിയാണ് ഓരോ വില്ലേജ് ഓഫീസുകളും സ്മാർട്ട് ആകുന്നതെന്നും മന്ത്രി പറഞ്ഞു.
റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 44 ലക്ഷം രൂപ വകയിരുത്തിയാണ് മലയാറ്റൂർ സ്മാർട് വില്ലേജ് ഓഫീസിന്റെ നിർമ്മാണം പൂർത്തിയായത്. 1300 സ്ക്വയർ ഫീറ്റിലായി ഫ്രണ്ട് ഓഫീസ്, സ്റ്റാഫ് റൂം, വില്ലേജ് ഓഫീസറും, മീറ്റിംഗ് കം ഡൈനിങ് ഏരിയ, ടോയ്ലറ്റ് സൗകര്യം, ഓഫീസ് റൂം തുടങ്ങിയ സൗകര്യങ്ങളോടെയാണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്.
ചടങ്ങൽ റോജി എം ജോൺ എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്, അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ തങ്കച്ചൻ, മലയാറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിൽസൺ കോയിക്കര, ജില്ലാ പഞ്ചായത്ത് അംഗം അനിമോൾ ബേബി, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എസ്. ഷാജഹാൻ, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മനോജ് മുല്ലശ്ശേരി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലൈജി ബിജു, ആലുവ തഹസിൽദാർ സുനിൽ മാത്യു, ഭൂരേഖ തഹസിൽദാർ ടോമി സെബാസ്റ്റ്യൻ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു