പൊതുജനങ്ങൾക്ക് ശുദ്ധജലം ന്യായവിലയിൽ ലഭ്യമാക്കുന്ന കേരള സർക്കാരിന്റെ ജനസ്വീകാര്യ പദ്ധതിയാണ് ‘ഹില്ലി അക്വാ’ പാക്കേജ്ഡ് കുടിവെള്ളം. ജലസേചന പദ്ധതികളുടെ പ്രോത്സാഹനത്തിനും വികസനത്തിനുമായി കേരള സർക്കാർ സ്ഥാപിച്ച പൂർണ്ണ ഉടമസ്ഥതയിലുള്ള കമ്പനിയായ കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (KIIDC) ആണ് ‘ഹില്ലി അക്വാ’ എന്ന ബ്രാൻഡ് നിർമ്മിച്ച് വിപണനം ചെയ്യുന്നത്.

ഇടുക്കി മലങ്കര ഡാമിന്റെ റിസർവോയറിൽ നിന്ന് 100% ഉപരിതലജലം ശുദ്ധീകരിച്ച് കുപ്പികളിലാക്കുന്ന, ‘അൺടച്ച്ഡ്’ കുടിവെള്ള പ്ലാന്റാണ് ആദ്യം ആരംഭിച്ചത്. ഐ.എസ്.ഒ 22000: 2018 സർട്ടിഫൈഡ് കമ്പനിയായ ഇത്, കേരളത്തിലെ വിവിധ ജയിലുകളിലെ ഔട്ട്‌ലറ്റുകൾ ഉൾപ്പെടെയുള്ള വിതരണക്കാർ വഴി കുടിവെള്ളം എത്തിക്കുന്നു. 1000 മില്ലിലിറ്റർ കുപ്പികൾ ജയിൽ ഔട്ട്‌ലറ്റുകളിൽ 10 രൂപയ്ക്ക് വിപണനം ചെയ്യുന്നു. തൊടുപുഴയിലെ ഫാക്ടറി ഔട്ട്‌ലെറ്റിലും കുപ്പികൾക്ക് 10 രൂപയാണ് വില. പ്ലാന്റിന്റെ സ്ഥാപിത ശേഷി 12100 LPH ആണ്, 2 പ്രൊഡക്ഷൻ ലൈനുകളും ഇവിടെയുണ്ട്.

തിരുവനന്തപുരത്തെ അരുവിക്കരയിൽ സ്ഥാപിച്ച 7200 LPH ശേഷിയുള്ള കുപ്പിവെള്ള പ്ലാന്റ് 2020 മെയ് 5-ന് KIIDC ഏറ്റെടുത്തു. 2021 ൽ പ്ലാന്റ് 20 ലിറ്റർ ജാറുകളുടെ വാണിജ്യ ഉത്പാദനവും ആരംഭിച്ചു. വാട്ടർ അതോറിറ്റിയുടെ അരുവിക്കര ട്രീറ്റ്‌മെന്റ് പ്ലാന്റിൽ നിന്ന് ലഭിക്കുന്ന ജലം ബി.ഐ.എസ് നിർദ്ദേശിക്കുന്ന സാൻഡ് ഫിൽട്ടർ, ആക്ടിവേറ്റഡ് കാർബൺ ഫിൽട്ടർ, അൾട്രാ ഫിൽട്രേഷൻ, യു.വി ഫിൽട്രേഷൻ, ഓസോണൈസേഷൻ തുടങ്ങിയ ശുദ്ധീകരണ പ്രക്രിയകൾക്ക് ശേഷം കുപ്പികളിലാക്കുന്നു. ഈ പ്ലാന്റിന് ബി.ഐ.എസ്, എഫ്.എസ്.എസ് എ.ഐ, മറ്റ് എല്ലാ നിയമപരമായ ബോഡികളിൽ നിന്നും ലൈസൻസുകൾ ലഭിച്ചിട്ടുണ്ട്. 20 ലിറ്റർ ജാറുകളുടെ സ്ഥാപിതശേഷി പ്രതിദിനം 2720 ജാറുകളാണ് (8 മണിക്കൂർ പ്രവർത്തനം). 1000ml/2000ml/500ml കുപ്പികൾക്ക് 7200 എൽ.പി.എച്ച് ശേഷിയുണ്ട്. മൂന്ന് പ്രത്യേക പ്രൊഡക്ഷൻ ലൈനുകളാണ് ഇവിടെയുള്ളത്. 20 ലിറ്റർ ജാറുകൾ കുടുംബശ്രീ മിഷൻ വഴിയാണ് വിപണനം ചെയ്യുന്നത്, ഇതിന് 60 രൂപയാണ് വില.

സ്വകാര്യ കമ്പനികൾ ഒരു ലിറ്റർ കുപ്പിവെള്ളത്തിന് 20 രൂപ ഈടാക്കുമ്പോൾ, ഹില്ലി അക്വായ്ക്ക് പരമാവധി വിൽപന വില 15 രൂപയാണ്. ഫാക്ടറി ഔട്ട്‌ലെറ്റുകൾ, റേഷൻ കടകൾ, കൺസ്യൂമർഫെഡ് സ്റ്റോറുകൾ, നീതി മെഡിക്കൽ സ്റ്റോറുകൾ, ത്രിവേണി, ജയിൽ ഔട്ട്‌ലെറ്റുകൾ ഉൾപ്പെടെയുള്ള തിരഞ്ഞെടുത്ത കൗണ്ടറുകളിൽ നിന്ന് 10 രൂപയ്ക്ക് ഒരു ലിറ്റർ കുപ്പിവെള്ളം ലഭിക്കും. അര ലിറ്റർ, രണ്ട് ലിറ്റർ കുപ്പിവെള്ളവും കുറഞ്ഞ നിരക്കിൽ ഫാക്ടറി ഔട്ട്‌ലെറ്റുകളിൽ ലഭ്യമാണ്. അഞ്ച് ലിറ്ററിന്റെയും 20 ലിറ്ററിന്റെയും ജാറുകൾ തൊടുപുഴയിലെ പ്ലാന്റിൽ നിന്ന് ലഭ്യമാകും.

ഹില്ലി അക്വായുടെ ജനപ്രീതിയും വിപണിയിലെ ഡിമാൻഡും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, കോഴിക്കോട് ജില്ലയിലെ പെരുവണ്ണാമുഴിയിൽ പുതിയ യൂണിറ്റ് പ്രവർത്തനത്തിനുള്ള ഒരുക്കങ്ങൾ നടക്കുന്നു. ജിസിസി രാജ്യങ്ങളായ യുഎഇ, സൗദി അറേബ്യ, ഒമാൻ, ബഹ്റൈൻ, ഖത്തർ എന്നിവിടങ്ങളിലേക്ക് കയറ്റുമതിയും ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയിൽ തന്നെ ആദ്യമായി ബയോഡീഗ്രേഡബിൾ കുപ്പികളിൽ വിതരണം ചെയ്യാനുള്ള പരീക്ഷണ ഘട്ടത്തിലാണ് ഹില്ലി അക്വാ. ദക്ഷിണ റെയിൽവേയുടെ സഹകരണത്തോടെ റെയിൽവേ സ്റ്റേഷനുകളിലും കുപ്പിവെള്ള വിതരണം നടത്താൻ ഹില്ലി അക്വായ്ക്ക് കഴിയുന്നുണ്ട്. വൈവിധ്യവത്കരണത്തിന്റെ ഭാഗമായി സോഡയും ശീതളപാനീയങ്ങളും അധികം വൈകാതെ വിതരണം ആരംഭിക്കാനുള്ള തയാറെടുപ്പിലുമാണ്.

കരുത്തോടെ കേരളം- 80