ടൂറിസം മേഖലക്ക് ജനപിന്തുണയും സഹകരണവും വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
അഞ്ചരക്കണ്ടി പുഴയിലെ വെള്ളത്തുള്ളികൾ ആകാശത്തോട് കിന്നാരം പറഞ്ഞ പകലിൽ ഇരുകരകളിലുമുള്ള പതിനായിരങ്ങളെ ആവേശത്തിന്റ കൊടുമുടിയിൽ എത്തിച്ച് അഴീക്കോടൻ അച്ചാംതുരുത്തി 1.54.221 മിനിറ്റിന് ചാമ്പ്യൻസ് ബോട്ട് ലീഗ് ജേതാക്കളായി.
ആകെ 15 ചുരുളൻ വള്ളങ്ങൾ അണിനിരന്ന മത്സരത്തിൽ രണ്ടാം സ്ഥാനത്ത് വയൽക്കര വെങ്ങാട്ടിനെയും മൂന്നാം സ്ഥാനത്ത് പാലിച്ചോൻ അച്ചാംതുരുത്തിയെയും പിന്നിലാക്കിയാണ് അഴീക്കോടൻ അച്ചാംതുരുത്തി കപ്പിനോട് ചുണ്ട് ചേർത്തത്. അണിയത്ത് സജിരാജ്, അമരത്ത് കെ.പി വിജേഷും വള്ളം നിയന്ത്രിച്ചു. ദിപേഷ് ആയിരുന്നു ടീം മാനേജർ. വൻ ജനാവലിയെ സാക്ഷിയാക്കി മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നും വിജയികൾ ട്രോഫി ഏറ്റുവാങ്ങി.
വിനോദസഞ്ചാര മേഖലയെ ശക്തിപ്പെടുത്തുന്നതിന് സംസ്ഥാന സർക്കാർ ഒട്ടേറെ നടപടികളാണ് സ്വീകരിച്ചു വരുന്നതെന്നും ഇതിന് എല്ലാവരുടെയും പിന്തുണയും സഹകരണവും വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചാമ്പ്യൻസ് ബോട്ട് ലീഗിനെ നല്ല രീതിയിൽ നാട് സ്വീകരിച്ചു എന്നതിന്റെ തെളിവാണ് ഇരുകരകളിലുമായി കാണുന്ന ജനസമൂഹം. ഇതിന്റെ അർത്ഥം ടൂറിസം ഇനിയും നല്ല രീതിയിൽ ശക്തിപ്പെടും എന്നു തന്നെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മൂന്നുവള്ളങ്ങൾ വീതം പങ്കെടുത്ത അഞ്ച് ഹീറ്റ്സ് മത്സരങ്ങളിൽ ഏറ്റവും കുറഞ്ഞ സമയത്തിൽ ഫിനിഷ് ചെയ്ത ഒൻപത് ടീമുകളാണ് ലൂസേഴ്സ്, ഫൈനൽ മത്സരങ്ങളിൽ മാറ്റുരച്ചത്. ഹീറ്റ്സ് മത്സരങ്ങളിൽ ഓരോ റൗണ്ടിലും അർപ്പുവിളികളും ആരവങ്ങളുമായി പിന്തുണച്ച കാണികൾ മത്സരത്തുഴച്ചിലിന്റെ വേഗം കരയിലേക്കും പടർത്തി. ഹീറ്റ്സ് മത്സരത്തിൽ രണ്ടുമിനിട്ടിൽ താഴ്ന്ന സമയത്തിൽ ഫിനിഷിങ് ലൈൻ കടന്ന അഞ്ച് ടീമുകളിൽ ഏറ്റവും കുറഞ്ഞ സമയം കുറിച്ച മൂന്ന് ടീമുകളാണ് ഫൈനലിൽ തുഴയെറിഞ്ഞത്.
1.54.611 ന് ഫിനിഷ് ചെയ്താണ് വയൽക്കര വെങ്ങാട്ട് രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. പാലിച്ചോൻ അച്ചാം തുരുത്തി എ ടീം 1.56.052 ന് മൂന്നാം സ്ഥാനവും നേടി. ന്യൂ ബ്രദേഴ്സ് മയ്യിച്ച നാല്, എ.കെ.ജി പോടോത്തുരുത്തി എ ടീം അഞ്ച്, നവോദയ മംഗലശ്ശേരി ആറ്, കൃഷ്ണപിള്ള കാവുംചിറ ഏഴ്, എ.കെ.ജി മയ്യിച്ച ഏട്ട്, വയൽക്കര മയ്യിച്ച ഒൻപത് എന്നിങ്ങനെ സ്ഥാനങ്ങൾ കരസ്ഥമാക്കി.
ഒന്നാം സ്ഥാനം നേടിയ ടീമിന് ഒന്നര ലക്ഷം രൂപയും രണ്ടാം സ്ഥാനത്തെത്തിയ ടീമിന് ഒരു ലക്ഷം രൂപയും മൂന്നാം സ്ഥാനത്തിന് 50,000 രൂപയും സമ്മാനതുകയായി നൽകി. ഇതിന് പുറമേ പങ്കെടുത്ത മുഴുവൻ ടീമുകൾക്കും ഒരു ലക്ഷം രൂപ വീതം പാരിതോഷികം ലഭിക്കും.
ചാമ്പ്യൻസ് ബോട്ട് ലീഗ് കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് ചടങ്ങില് അധ്യക്ഷനായ മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. 2013 ലാണ് മലബാറിലേക്ക് ആദ്യമായി ചാമ്പ്യൻസ് ബോട്ട് ലീഗ് കൊണ്ടുവരാൻ സർക്കാർ തീരുമാനിച്ചത്. കേരളത്തിന്റെ ചാമ്പ്യൻസ് ബോട്ട് ലീഗ് ഇപ്പോൾ ലോക പ്രസക്തമാണ്. മലബാറിലേക്ക് സഞ്ചരികളെ കൂടുതലായി ആകർഷിക്കുന്നതിന് ചാമ്പ്യൻസ് ബോട്ട് ലീഗ് വള്ളം കളികൾക്കായെന്നും അഭൂത പൂർവമായ ജനപങ്കാളിത്തമാണ് കാണാനാകുന്നതെന്നും മന്ത്രി പറഞ്ഞു.
രജിസ്ട്രേഷൻ മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, നിയമസഭ സ്പീക്കർ അഡ്വ. എ.എൻ ഷംസീർ എന്നിവർ മുഖ്യാതിഥികളായി.
