കുട്ടനാട്ടിൽ കഴിഞ്ഞ വർഷത്തേക്കാൾ 7000 ഹെക്ടറിലധികം കൃഷിയിറക്കി
ഉൽപ്പാദനം കൂട്ടാൻ കൃഷിവകുപ്പ്

ആലപ്പുഴ: പ്രളയത്തിന് ശേഷമുളള കുട്ടനാടിനെ പുനർജീവിപ്പിക്കാൻ സർവ സന്നാഹങ്ങളുമൊരുക്കി കൃഷി വകുപ്പ്. രണ്ടാം കൃഷി നഷ്ടപ്പെട്ട പാടങ്ങൾ ഉൾപ്പെടെ പുഞ്ചകൃഷി ഇറങ്ങിയപ്പോൾ കഴിഞ്ഞ വർഷത്തെക്കാൾ ഏകദേശം 7000 ഹെക്ടറിൽ അധികം കൃഷിയിറക്കിയത് കർഷകരുടെ ദൃഢനിശ്ചയവും കൃഷിവകുപ്പിന്റെ നിതാന്ത ശ്രദ്ധയും കൊണ്ട് മാത്രമാണ്. പുഞ്ചകൃഷിയ്ക്ക് ഏകദേശം 35000 ടൺ നെല്ല് അധികമായി ജില്ലയിൽ ഉത്പാദിപ്പിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് കൃഷിവകുപ്പ്. ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ വെളളപ്പൊക്കത്തിൽ ജില്ലയിലെ ഒട്ടുമുക്കാൽ പാടശേഖരങ്ങളിലും മടവീഴ്ചയും ബണ്ട് തകർച്ചയും ഉണ്ടായി. ഈ പാടശേഖരങ്ങളെല്ലാം പുനർനിർമ്മിക്കുന്നതിനുളള വെല്ലുവിളി ഏറ്റെടുത്തുകൊണ്ടാണ് കൃഷിവകുപ്പ് മുഴുവൻ പാടശേഖരങ്ങളിലും കൃഷിയിറക്കിയത്. പ്രളയാനന്തര കുട്ടനാട്ടിലെ കൃഷിയുടെ പുരോഗതി വിലയിരുത്തുന്നതിന് കൃഷി മന്ത്രി വി.എസ്.സുനിൽകുമാർ നേരിട്ട് വ്യാഴാഴ്ച കുട്ടനാട് സന്ദർശിക്കുന്നുണ്ട്.
ഏകദേശം 55 കോടി രൂപ ഇതിനകം ചെലവഴിച്ചു കഴിഞ്ഞു. കുട്ടനാട്ടിലെ 600 ഓളം പാടശേഖരങ്ങളിൽ പുഞ്ച കൃഷി ഇറക്കിയിട്ടുണ്ട്. 30000 ഹെക്ടറിൽ കൃഷി ഇറക്കുന്നതിന് 3742 ടൺ നെൽവിത്ത് സർക്കാർ സൗജന്യമായി കർഷകർക്ക് നൽകി. സ്വന്തമായി നെൽവിത്ത് ഉപയോഗിച്ച കർഷകർക്കും വിത്തിന്റെ വില അവരുടെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് നിക്ഷേപിക്കും. നെൽവിത്തിന്റെ വിലയായി ഏകദേശം 14.8 കോടി രൂപ കെ.എസ്.എസ്.ഡി.എ, എൻ.എസ്.സി, കർഷകർ എന്നിവർക്ക് നൽകുന്നു.
കൂടാതെ പ്രളയം മൂലം ദോഷം സംഭവിച്ച മണ്ണിന്റെ പുനരുജ്ജീവനത്തിനായി 12500 ഹെക്ടർ സ്ഥലത്ത് കർഷകർക്ക് കുമ്മായം നൽകിയിട്ടുണ്ട്. ഇതിനായി ഏകദേശം 6.75 കോടി രൂപ സർക്കാരും കാർഷിക വകുപ്പും ചെലവഴിച്ചിട്ടുണ്ട്.
മടവീഴ്ചയും ബണ്ട് പുനർനിർമ്മാണവും

കുട്ടനാട്ടിൽ മടവീഴ്ചയുണ്ടായ ബണ്ടുകൾ നന്നാക്കുന്നതിന് 1,42,76,000 രൂപ നഷ്ടപരിഹാരമായി അനുവദിച്ചിട്ടുണ്ട്. ഈ തുക 20% അഡ്വാൻസായി 147 പാടശേഖരങ്ങൾക്ക് നൽകിയിരിക്കുന്നു.ബാക്കി വരുന്ന 80%തുക എൻജിനീയറുടെ വാല്യുവേഷൻ പ്രകാരം നൽകി വരുന്നുണ്ട്. കൂടാതെ പ്രളയത്തിൽ നഷ്ടപ്പെട്ട മോട്ടോർ, പമ്പ്‌സെറ്റ്, പെട്ടി, പറ എന്നിവയുടെ റിപ്പയറിംഗിനായി 202.38 ലക്ഷം രൂപ ഇതിനോടകം അനുവദിച്ചു. ജൂൺ മാസത്തിൽ മടവീണ 14 പാടശേഖരങ്ങൾക്ക് 23.11 ലക്ഷം രൂപ മട കുത്തുന്നതിന് ധനസഹായമായി നൽകി. കേടുപാടുകൾ സംഭവിച്ച ബണ്ടുകൾ റിപ്പയർ ചെയ്യുന്നതിന് കിലോമീറ്ററിന് 60000 രൂപ എന്ന നിരക്കിൽ ധനസഹായം പാടശേഖര സമിതികൾക്ക് നൽകുന്നുണ്ട്.
പാടശേഖരങ്ങളിലെ മണ്ണും ചെളിയും നീക്കം ചെയ്യൽ
പ്രളയത്തിൽ കുട്ടനാട്ടിലെ പാടശേഖരങ്ങളിൽ അടിഞ്ഞുകൂടിയ മണ്ണും ചെളിയും നീക്കം ചെയ്ത് കൃഷി യോഗ്യമാക്കുന്നതിന് ധനസഹായമായി ഹെക്ടറിന് 12200 രൂപ പ്രകാരം കൃഷി വകുപ്പ് നൽകിവരുന്നു. ഇതിനായി 350 ലക്ഷം രൂപ അനുവദിച്ചത് വിതരണം നടത്തിവരുന്നു.
സൗജന്യനെൽ വിത്ത് വിതരണം
കുട്ടനാട്ടിലെ എല്ലാ നെൽകർഷകർക്കും സൗജന്യ വിത്ത് നൽകി വരുന്നു. 3742- മെ{ടിക്ക് ടൺ വിത്ത് സൗജന്യമായി നൽകിയിട്ടുണ്ട്.
കൃഷിനാശത്തിനുളള നഷ്ടപരിഹാരം
ആലപ്പുഴ ജില്ലയിലെ കൃഷിനാശത്തിനുളള നഷ്ടപരിഹാരമായി എസ്.ഡി.ആർ .എഫ് ഫണ്ടിൽ നിന്നും അനുവദിച്ചിരുന്ന 20 കോടി രൂപയും ഇതിനോടകം വിതരണം ചെയ്ത് കഴിഞ്ഞു. ഏകദേശം 56000 കർഷകർക്ക് ഇതിന്റെ പ്രയോജനം ലഭിച്ചിട്ടുണ്ട്.
വിള ഇൻഷുറൻസ് പദ്ധതി
ഈ പദ്ധതിയിൽ വിള ഇൻഷ്വർ ചെയ്ത കർഷകർക്കെല്ലാം നഷ്ടപരിഹാരമായി 5 കോടി രൂപ ഇതിനോടകം അനുവദിച്ചു കഴിഞ്ഞു. ഇനിയും 5 കോടി രൂപയോളം ആവശ്യമായി വരുന്നുണ്ട്.