മന്ത്രി ജി സുധാകരന്‍ നിര്‍വഹിക്കും

തരൂര്‍ നിയോജകമണ്ഡലത്തിലെ 10.91 കോടി ചെലവില്‍ പൂര്‍ത്തികരിച്ച വിവിധ റോഡുകളുടെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ ഇന്ന് (ഒക്ടോബര്‍ 22) രാവിലെ 10 ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും. 30.83 കോടി ചെലവില്‍ മണ്ഡലത്തില്‍ നിര്‍മിക്കുന്ന റോഡുകളുടെയും പാലങ്ങളുടെയും നിര്‍മാണോദ്ഘാടനവും മന്ത്രി നിര്‍വഹിക്കും. പട്ടികജാതി- പട്ടികവര്‍ഗ- പിന്നോക്കക്ഷേമ- നിയമ -സാസ്‌കാരിക- പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ ബാലന്‍ അധ്യക്ഷനാകും. കെ.ഡി പ്രസേനന്‍ എം.എല്‍.എ മുഖ്യാഥിതിയാകും.  അഴുവക്കോട് – ഉതുങ്ങോട്- വാളക്കര റോഡ്, പുളിനെല്ലി – പെരുമല- തോട്ടക്കര റോഡ്, കോട്ടായി- വലിയമ്മക്കാവ് റോഡ്, കുഴല്‍മന്ദം – മങ്കര റോഡ് & പെരിങ്ങോട്ടുകുറിശ്ശി- പാമ്പാടി റോഡ് എന്നിവയുടെ പൂര്‍ത്തീകരണോദ്ഘാടനവും അണക്കപ്പാറ- മൂടപ്പല്ലൂര്‍ റോഡ്, കടവണി കമ്പിക്കോട്- പാലത്തറ റോഡ്, അരങ്ങാട്ട്കടവ് പാലം (കിഫ്ബി), തെന്നിലാപുരം പാലം (കിഫ്ബി) എന്നിവയുടെ നിര്‍മാണോദ്ഘാടനവുമാണ് നടക്കുക.

കോവിഡ് മാനദണ്ഡം പാലിച്ച് നടക്കുന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ ശാന്തകുമാരി, ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ ചാമുണ്ണി, കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ഷേളി, വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിത പോള്‍സണ്‍, പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ രവീന്ദ്രനാഥ്, കാവശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി ഭാമ, കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി.റെജിമോന്‍, പുതുക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എ ഇസ്മായില്‍, തരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി മനോജ്കുമാര്‍, കോട്ടായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പ്രീത, വണ്ടാഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമാവലി മോഹന്‍ദാസ്, കുത്തനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മായ മുരളീധരന്‍, പൊതുമരാമത്ത് (നിരത്തുകള്‍) ചീഫ് എഞ്ചിനീയര്‍ അജിത്ത് രാമചന്ദ്രന്‍, കോഴിക്കോട് പൊതുമരാമത്ത് നിരത്ത് ഉത്തരമേഖല സൂപ്രണ്ടിങ് എഞ്ചിനീയര്‍ ഇ.ജി വിശ്വപ്രകാശ്, പൊതുമരാമത്ത് പാലം വിഭാഗം പാലക്കാട് എക്സി. എഞ്ചിനീയര്‍ എസ് ഹരീഷ്, പൊതുമരാമത്ത് നിരത്തുകള്‍ വിഭാഗം പാലക്കാട് എക്സി. എഞ്ചിനീയര്‍ സി. ശങ്കര്‍ എന്നിവര്‍ പങ്കെടുക്കും.


‘പുതിയ കാലം- പുതിയ നിര്‍മാണം’: പൂര്‍ത്തിയാക്കിയത് നാല് റോഡുകള്‍

കോട്ടായി – വലിയമ്മക്കാവ് റോഡ്

നബാര്‍ഡിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ട് കോടി ചെലവില്‍ ഒരു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കോട്ടായി – വലിയമ്മക്കാവ് റോഡ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. മുമ്പ് മണ്‍പാതയായിരുന്ന റോഡ് ശാസ്ത്രീയമായി ഉയര്‍ത്തിയാണ് ടാറിങ് പ്രവൃത്തികള്‍ നടത്തിയത്. റോഡിന്റെ സംരക്ഷണാര്‍ത്ഥം ഭിത്തിയും വെള്ളക്കെട്ട് ഒഴിവാക്കുന്നതിനും കൃഷി സ്ഥലങ്ങളിലേക്കുള്ള വെള്ളക്കെട്ടിന്റെ ഒഴുക്ക് നിലനിര്‍ത്തുന്നതിനുമായി ഏഴ് കലുങ്കുകളും നിര്‍മിച്ചിട്ടുണ്ട്. കൂടാതെ സുരക്ഷാ സംവിധാനങ്ങളുടെ ഭാഗമായി ദിശാ ബോര്‍ഡ്, കട്ട് പാരപ്പറ്റുകള്‍, തെര്‍മോപ്ലാസ്റ്റിക്ക് ലൈന്‍ മാര്‍ക്കിങ്, പെയിന്റിങ് എന്നിവയും ഒരുക്കി.

അഴുവക്കോട് – ഉതുങ്ങോട്- വാളക്കര റോഡ്

തരൂര്‍ ഗ്രാമപഞ്ചായത്തിലെ പ്രധാന പാതയായ അത്തിപ്പൊറ്റ- തോലനൂര്‍ റോഡില്‍ നിന്നാരംഭിച്ച് നെല്ലുകുത്താംകുളം- കഴനി- പഴമ്പാലക്കോട് റോഡില്‍ അവസാനിക്കുന്ന മൂന്ന് കീ.മിറ്ററുള്ള ആലത്തൂര്‍ താലൂക്കിലെ ഒരു പ്രധാന പഞ്ചായത്ത് പാതയാണ് അഴുവക്കോട് – ഉതുങ്ങോട്- വാളക്കര റോഡ്. 3.78 ചെലവില്‍ 3.80 മീറ്റര്‍ വീതിയുള്ള ക്യാരേജ്-വേ, മൂന്ന് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡില്‍ വെള്ളക്കെട്ടുള്ള സ്ഥലങ്ങളില്‍ ഉയര്‍ത്തി ഉപരിതലും ഓപണ്‍ ഗ്രേഡ് ടാറിങ് നടത്തിയിരിക്കുന്നു. 400 മീറ്റര്‍ കോണ്‍ക്രീറ്റ് സംരക്ഷണ ഭിത്തിയില്‍ ഒരു കലുങ്ക്, ദിശാ, അപായ, വിവര സൂചക ബോര്‍ഡുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പുളിനെല്ലി – പെരുമല- തോട്ടക്കര റോഡ്

പെരിങ്ങോട്ടുകുറുശ്ശി ഗ്രാമപഞ്ചായത്തിലെ 2.55 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പുളിനെല്ലി – പെരുമല- തോട്ടക്കര റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തി മൂന്നു കോടി ചെലവിലാണ് പൂര്‍ത്തിയാക്കിയത്. മൂന്ന് മീറ്റര്‍ വീതിയുള്ള പാതയിലെ ഇരുവശങ്ങളിലും വീതി കൂട്ടുകയും ടാറിങ് പ്രവൃത്തിയും 400 മീറ്ററോളം കോണ്‍ക്രീറ്റ് പ്രവൃത്തിയും പൂര്‍ത്തിയാക്കിയിട്ടുണ്ട്. റോഡിന്റെ സംരക്ഷണത്തിനായി സംരക്ഷണ ഭിത്തിയും മഴവെള്ളം റോഡില്‍ നില്‍ക്കുന്നത് ഒഴിവാക്കുന്നതിന് ഡ്രൈനേജ് സംവിധാനവും സജ്ജമാക്കി. കൂടാതെ കൃഷി സ്ഥലത്തേക്ക് സുഗമമായി വെള്ളം എത്തിക്കുന്നതിന് റോഡിന് കുറുകെ കലുങ്കും നിര്‍മാണവും പൂര്‍ത്തിയാക്കി.

കുഴല്‍മന്ദം – മങ്കര റോഡ് & പെരിങ്ങോട്ടുകുറിശ്ശി- പാമ്പാടി റോഡ്

തൃശൂര്‍ ജില്ലയിലെ തിരുവില്ല്വാമല ഗ്രാമപഞ്ചായത്തിലെ പാമ്പാടിയില്‍ വെച്ച് സംസ്ഥാന പാതയായ പഴയന്നൂര്‍ ലക്കിടി റോഡില്‍ നിന്നും കോട്ടായി പെരുങ്ങോട്ടുകുറിശ്ശി റോഡില്‍ അവസാനിക്കുന്ന 7.285 കി.മീ ദൈര്‍ഘ്യമുളള റോഡ് പാലക്കാട് ജില്ലയിലെ ഒരു പ്രധാന ജില്ലാ പാതയാണ്. തൃശൂര്‍ ജില്ലയിലെ വടക്ക് കിഴക്കന്‍ മേഖലയെയും പാലക്കാട് ജില്ലയിലെ പടിഞ്ഞാറന്‍ പ്രദേശങ്ങളെയും പാലക്കാട് ജില്ലയിലെ മറ്റു പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതയാണിത്. 2.92 കിലോമീറ്റര്‍ ദൈര്‍ഘ്യവും 5.5 മീറ്റര്‍ വീതിയുമുള്ള പ്രസ്തുത റോഡിന്റെ നിരപ്പ് വ്യതിയാനങ്ങള്‍ ഒഴിവാക്കിയാണ് പ്രവര്‍ത്തനം പൂര്‍ത്തിയാക്കിയത്.

നിര്‍മാണോദ്ഘാടനം നടക്കുന്ന റോഡുകള്‍, പാലങ്ങള്‍

അണക്കപ്പാറ- മൂടപ്പല്ലൂര്‍ റോഡ്

ആലത്തൂര്‍ താലൂക്കില്‍ ആലത്തൂര്‍, വടക്കഞ്ചേരി, വണ്ടാഴി ഗ്രാമപഞ്ചായത്തുകളിലെ ഗ്രാമപ്രദേശങ്ങളെ താലൂക്ക് ആസ്ഥാനമായ ആലത്തൂരുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതയായ അണക്കപ്പാറ- മൂടപ്പല്ലൂര്‍ റോഡിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി അഞ്ചു കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. പ്രസ്തുത റോഡിന്റെ താഴ്ന്ന ഭാഗങ്ങള്‍ ഉയര്‍ത്തി 5.50 മീറ്റര്‍ വീതിയുള്ള ക്യാരേജ്-വേ, നാല് കിലോമീറ്റര്‍ ഉപരിതലം, നിലവാരമുള്ള ടാറിങ്, ആവശ്യ സ്ഥലങ്ങളില്‍ പാര്‍ശ്വഭിത്തികള്‍, മൂന്ന് കലുങ്കുകള്‍ എന്നിവയാണ് പൂര്‍ത്തിയാക്കുക. കൂടാതെ റോഡ് സുരക്ഷയുടെ ഭാഗമായി സെന്റര്‍ ലൈന്‍ മാര്‍ക്കിങ്, ദിശാ, അപായ, വിവര സൂചക ബോര്‍ഡുകളും സ്ഥാപിക്കും.

കടവണി കമ്പിക്കോട്- പാലത്തറ റോഡ്

കുത്തനൂര്‍ ഗ്രാമപഞ്ചായത്തിലെ  കുത്തനൂര്‍- ആലത്തൂര്‍ റോഡിലെ കടവാണിയില്‍ തുടങ്ങി കമ്പിക്കോട് വഴി പാലത്തറയില്‍ അവസാനിക്കുന്ന ഭാഗികമായി മെറ്റല്‍ ചെയ്ത കനാല്‍ ബണ്ട് റോഡായ കടവാണി കമ്പിക്കോട്- പാലത്തറ റോഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി 9.11 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. പ്രവൃത്തിയുടെ ഭാഗമായി നിലവിലുളള മണ്ണിന്റെ ഗുണനിലവാരം മനസ്സിലാക്കി ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് ഉയര്‍ത്തി നാല് മീറ്റര്‍ വീതിയിലാണ് റോഡ് നിര്‍മിക്കുന്നത്. 4000 മീറ്ററോളം സംരക്ഷണ ഭിത്തിയും കനാലില്‍ നിന്നും വെളളം കൃഷി സ്ഥലത്തേക്ക് എത്തിക്കുന്നതിന് റോഡിന് കുറുകെ കലുങ്കും, 350 മീറ്റര്‍ ഐറിഷ് ഡ്രൈനേജും നിര്‍മിക്കും. കൂടാതെ റോഡ് സുരക്ഷ ഉറപ്പുവരുത്തുന്നതിന് ദിശാ ബോര്‍ഡുകള്‍ സ്ഥാപിക്കുകയും തെര്‍മോ പ്ലാസ്റ്റിക്ക് മാര്‍ക്കിങും നടത്തും.

ആറങ്ങോട്ടുകടവ് പാലം

തരൂര്‍ നിയോജക മണ്ഡലത്തിലെ കാവശ്ശേരി-പുതുക്കോട് ഗ്രാമപഞ്ചായത്തുകളിലെ പാടൂരിനെയും മണപ്പാടത്തിനെയും ബന്ധിപ്പിച്ച് മംഗലം പുഴയ്ക്കു കുറുകെ നിര്‍മിക്കുന്ന ആറങ്ങോട്ടുകടവ് പാലം യാഥാര്‍ഥ്യമാകുന്നതോടെ പുതുക്കോട്, മണപ്പാട് പ്രദേശവാസികള്‍ക്ക് ആലത്തൂര്‍ ടൗണിലേക്ക് വളരെ കുറഞ്ഞ സമയത്തില്‍  എത്തിച്ചേരാന്‍ സാധിക്കും. 103 മീറ്റര്‍ നീളത്തില്‍ നിര്‍മിക്കുന്ന പാലത്തിന് കിഫ്ബിയില്‍ നിന്നും 8.09 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി 18 മാസത്തിനുള്ളില്‍ പണി പൂര്‍ത്തീകരിക്കും. ഇന്റഗ്രല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മിക്കുന്ന പാലത്തിന് 11 മീറ്റര്‍ വീതയാണുള്ളത്.

തെന്നിലാപുരം പാലം

തരൂര്‍ നിയോജക മണ്ഡലത്തിലെ ഇരട്ടക്കുളം വാണിയമ്പാറ റോഡില്‍ തോന്നാലിപ്പുഴയ്ക്ക് കുറുകെ ഇരട്ടക്കുളത്തിനേയും കണ്ണമ്പ്രയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലമാണ് തെന്നിലാപുരം പാലം. നിലവില്‍ ഇവിടെ കോസ്വേയാണുള്ളത്.  മഴക്കാലത്ത് കോസ്‌വേയില്‍ വെള്ളം കയറുന്നത്മൂലം ദിവസങ്ങളോളം ഗതാഗതം തടസപ്പെടാറുണ്ട്. കോസ്‌വേയ്ക്കു വീതി കുറവായതിനാലും കാലപ്പഴക്കത്താല്‍ ബലക്ഷയം സംഭവിച്ചിട്ടുള്ളതിനാലുമാണ് പാലം നിര്‍മിക്കുന്നത്. കിഫ്ബിയില്‍ നിന്നും 9.63 കോടിയാണ് പദ്ധതിക്കായി അനുവദിച്ചിട്ടുള്ളത്. 78 മീറ്റര്‍ നീളത്തില്‍ നിര്‍മിക്കുന്ന പാലം ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി 18 മാസത്തിനുള്ളില്‍ പണി പൂര്‍ത്തീകരിക്കും. ഇന്റഗ്രല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മിക്കുന്ന പാലത്തിന് 11 മീറ്റര്‍ വീതയാണുള്ളത്.