കുമളി പ്രദേശത്ത് എത്തുന്ന യാത്രക്കാര്‍ക്ക് ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിന് ബസ് സ്റ്റാന്‍ഡ് കാത്തിരിപ്പ് കേന്ദ്രത്തില്‍ വാട്ടര്‍ പ്യൂരിഫയര്‍ സ്ഥാപിച്ചു. ശുചിത്വമിഷന്റെയും പഞ്ചായത്തിന്റെയും ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച വാട്ടര്‍ പ്യൂരിഫയറിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഷാജിമോന്‍ നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. കെ. ബാബുക്കുട്ടി അധ്യക്ഷത വഹിച്ചു.

ശബരിമല ദര്‍ശനത്തിനെത്തുന്ന അയ്യപ്പഭക്തര്‍ക്ക് സൗകര്യം ഏറെ പ്രയോജനം ചെയ്യും. ചൂടു വെള്ളവും തണുത്ത വെള്ളവും ഇവിടെ നിന്ന് ലഭിക്കും. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ കെ. എം. സിദ്ദിഖ് ചടങ്ങിന് സ്വാഗതം ആശംസിച്ചു. സ്റ്റാന്‍ഡിങ് കമ്മറ്റി അധ്യക്ഷരായ നോളി ജോസഫ്, രജനി ബിജു, ടൗണ്‍ വാര്‍ഡ് അംഗം വിനോദ് ഗോപി, പഞ്ചായത്ത് സെക്രട്ടറി സെന്‍കുമാര്‍, ക്ലീന്‍ കുമളി ഗ്രീന്‍ കുമളി മാനേജര്‍ ജെയ്സണ്‍ മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.