*354 പുതിയ തസ്തികകള്‍

സംസ്ഥാനത്തെ കോര്‍പ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും അക്കൗണ്ടസ്, ആരോഗ്യ വിഭാഗങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് അധിക തസ്തിക സൃഷ്ടിക്കാന്‍ തീരുമാനിച്ചു. 354 പുതിയ തസ്തികകളാണ് സൃഷ്ടിക്കുക.

*സര്‍ക്കാര്‍ പരസ്യങ്ങളുടെ ഉള്ളടക്കം പരിശോധിക്കാന്‍ മൂന്നംഗ കമ്മറ്റി

സര്‍ക്കാര്‍ പരസ്യങ്ങളുടെ ഉള്ളടക്കം പരിശോധിക്കുന്നതുമായി ബന്ധപ്പെട്ട് മൂന്നംഗ കമ്മറ്റി രൂപീകരിക്കും. സുപ്രീംകോടതി വിധിന്യായത്തിന്റെ അടിസ്ഥാനത്തിലാണ് കമ്മറ്റി രൂപീകരണം. ചെയര്‍മാനും രണ്ട് അംഗങ്ങളും അടങ്ങുന്നതാണ് കമ്മറ്റി.
15 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ള, മാധ്യമ രംഗത്ത് വ്യക്തി മുദ്രപതിപ്പിച്ച മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍/സംസ്ഥാന സര്‍ക്കാര്‍ പ്രിന്‍സിപ്പല്‍സെക്രട്ടറി റാങ്കില്‍ കുറയാത്ത വ്യക്തി/ ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വ്വീസില്‍ അഡീഷണല്‍ സെക്രട്ടറി റാങ്കില്‍ കുറയാത്ത വ്യക്തി എന്നിവര്‍ക്ക് ചെയര്‍പേഴ്‌സണ്‍ ആകാം.
വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥന്‍, വിരമിച്ച ഐ.ആന്റ്.പി.ആര്‍.ഡി ഡയറക്ടര്‍, വിരമിച്ച ഐ.ആന്റ്.പിആര്‍.ഡി അഡീഷണല്‍ ഡയറക്ടര്‍, പതിനഞ്ച് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയമുള്ള മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് അംഗങ്ങളാകാം.
ഒരംഗം വനിതയാകുന്നത് അഭികാമ്യമാണെന്നും നിശ്ചയിച്ചു. കമ്മറ്റി അംഗങ്ങളുടെപ്രായം 45നും 70നും ഇടയിലായിരിക്കും.
സര്‍ക്കാര്‍. അര്‍ധസര്‍ക്കാര്‍, പൊതുമേഖല, സ്വയംഭരണസ്ഥാപനങ്ങള്‍, കോടതികള്‍, കമ്മീഷനുകള്‍ തുടങ്ങിയവര്‍ നല്‍കുന്ന പരസ്യങ്ങളുടെ ഉള്ളടക്കം പരിശോധനാ കമ്മറ്റിയുടെ അധികാര പരിധിയില്‍പ്പെടും. പരസ്യങ്ങളുടെ ഉള്ളടക്കവുമായി ബന്ധപ്പെട്ട്
സുപ്രീം കോടതിയുടെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ വകുപ്പുകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. രണ്ട് വര്‍ഷമാണ് കമ്മറ്റിയുടെ പരമാവധി കാലവധി.

*ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്ക് ശമ്പള പരിഷ്‌ക്കരണം

ജില്ലാ ജുഡീഷ്യറിയിലെ ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്ക് 1.1.2016 മുതല്‍ പ്രാബല്യത്തില്‍ പുതുക്കിയ ശമ്പളഘടന അനുവദിക്കും. കുടിശ്ശിക വിതരണത്തിനാവശ്യമായ തീരുമാനമെടുക്കാന്‍ ധനകാര്യ വകുപ്പിനെ ചുമതലപ്പെടുത്തി.

*ഭൂമി കൈമാറ്റം

നിര്‍ദ്ദിഷ്ട മലയോര ഹൈവേയില്‍ കാസര്‍ഗോഡ് ജില്ലയില്‍പ്പെടുന്ന 127.42 കിലോമീറ്റര്‍ നീളമുള്ള നന്ദാരപദവ്-ചെറുപുഴ ഭാഗം വരെയുള്ളതും വനഭൂമിയിലൂടെ കടന്നുപോകുന്നതുമായ ഹൈവേയില്‍ എടപ്പറമ്പ-കോളിച്ചാല്‍ വരെയുളള ഭാഗത്ത് നഷ്ടപ്പെടുന്ന 4.332ഹെക്ടര്‍ വനം ഭൂമിക്ക് പകരം പരിഹാര വനവല്‍ക്കരണത്തിന് ഭൂമി നല്‍കും. പൊതുമരാമത്ത് വകുപ്പിന്റെ അധീനതയില്‍ ആവശ്യമായ ഭൂമി ലഭ്യമല്ലാത്തതിനാല്‍ ഭീമനടി വില്ലേജിലെ റവന്യൂഭൂമി കേന്ദ്രപരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം പുറപ്പെടുവിച്ച മാര്‍ഗനിദ്ദേശപ്രകാരം സംസ്ഥാന വകുപ്പിന്റെ പേരില്‍ പോക്കുവരവ് ചെയ്യുന്നതിന് ഉടമസ്ഥാവകാശം വനം വകുപ്പിന് കൈമാറും.

*നിയമനം

കേരള ലാന്റ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡിലെ ഡയറക്ടര്‍ ബോര്‍ഡ് അംഗവും മാനേജിംഗ് ഡയറക്ടറുമായ പിഎസ് രാജീവിന്റെ പുനര്‍നിയമന വ്യവസ്ഥയിലുള്ള കാലാവധി 31.12.22 മുതല്‍ ഒരു വര്‍ഷത്തേക്ക് ദീര്‍ഘിപ്പിച്ച് നല്‍കും.
തിരുവനന്തപുരം കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണല്‍ എഡ്യൂക്കേഷനില്‍ (കേപ്പ്) പുതിയ ഡയറക്ടറായി വി.ഐ താജുദ്ദീന്‍ അഹമ്മദിന് വ്യവസ്ഥകള്‍ക്ക് വിധേയമായി പുനര്‍നിയമനം നല്‍കാന്‍ തീരുമാനിച്ചു.