കബനിക്കായ് വയനാട് ക്യാമ്പയിനിന്റെ ഭാഗമായുള്ള മാപ്പത്തോണില്‍ മാനന്തവാടി ഗവ. എഞ്ചിനീയറിംഗ് കോളേജിലെ എന്‍.എസ്.എസ് വിദ്യാര്‍ഥികളും പങ്കാളികളാകും. ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികൾക്കായി മാ പ്പത്തോണ്‍ പ്രവര്‍ത്തനങ്ങള്‍ പരിചയപ്പെടുത്തുന്ന വിശദീകരണ സെഷന്‍ കോളേജില്‍ സംഘടിപ്പിച്ചു. നവ കേരളം കര്‍മ്മ പദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ ഇ. സുരേഷ് ബാബു ക്യാമ്പയിന്‍ വിശദീകരിച്ചു. എന്‍.എസ്.എസ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ റിതിന്‍ രാജ്, നവ കേരളം കര്‍മ്മ പദ്ധതി ആര്‍.പി കെ.അഖില തുടങ്ങിയവര്‍ സംസാരിച്ചു.

നവകേരളം കര്‍മ്മ പദ്ധതിയില്‍ ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കബനി നദിയുടെ സുസ്ഥിര നിലനില്‍പ് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി നടപ്പിലാക്കുന്ന ക്യാമ്പയിനാണ് കബനിക്കായി വയനാട്. നിലവില്‍ നവകേരളം കര്‍മ്മ പദ്ധതി റിസോഴ്സ് പേഴ്സണ്‍മാരുടെയും ഇന്റേണ്‍ഷിപ് ട്രെയിനികളുടെയും നേതൃത്വത്തില്‍ ഒൻപത്  ഗ്രാമ പഞ്ചായത്തുകളില്‍ മാപ്പത്തോണ്‍ നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. അടുത്ത ഘട്ടത്തില്‍ മാപ്പത്തോണ്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്ന തവിഞ്ഞാല്‍, തിരുനെല്ലി ഗ്രാമ പഞ്ചായത്തുകള്‍, മാനന്തവാടി നഗരസഭ എന്നിവിടങ്ങളിലാണ് വിദ്യാര്‍ഥികള്‍ ഇന്റേണ്‍ഷിപ്പിന്റെ ഭാഗമായി പദ്ധതിയോട് സഹകരിക്കുക. ഈ ഘട്ടത്തില്‍ 32 വിദ്യാര്‍ഥികളാണ് മാപ്പത്തോണ്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നത്. വിദ്യാര്‍ഥികളെ നാല് അംഗങ്ങള്‍ വീതമുള്ള എട്ട് ഗ്രൂപ്പുകളാക്കി തിരിച്ചാണ് പ്രവര്‍ത്തനം. ഗ്രൂപ് ലീഡര്‍മാര്‍ക്കുളള മാപ്പത്തോണ്‍ ട്രെയിസിങ്, ആം ചെയര്‍ മാപ്പിങ് എന്നിവയിലെ പ്രത്യേക ഫീല്‍ഡ്തല പരിശീലനം ഏപ്രില്‍ അവസാനവാരം നടക്കും.

ആദ്യ ഘട്ടത്തില്‍ ജില്ലയിലെ 15 തദ്ദേശ സ്ഥാപങ്ങളെയാണ് ക്യാമ്പയിന്റെ ഭാഗമായി തിരഞ്ഞെടുത്തിരിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളിലെ തോടുകളും നീര്‍ചാലുകളും കണ്ടെത്തി കേരള ഐ.ടി മിഷന്റെ സാങ്കേതിക സഹായത്തോടെ ഓപ്പണ്‍ സ്ട്രീറ്റ് മാപ് എന്ന ബ്രൗസിങ് സംവിധാനത്തിലൂടെ കണ്ടെത്തി ആം ചെയര്‍ മാപ്പിങ്ങിലൂടെ ഡിജിറ്റലായി വരച്ച് പേര് നല്‍കി അടയാളപ്പെടുത്തും. കബനി നദിയെയും കൈവഴികളെയും ശാസ്ത്രീയമായ മാപ്പിങ്ങിലൂടെ കൃത്യമായി രേഖപ്പെടുത്താന്‍ കഴിയും. മാപ്പത്തോണ്‍ പൂര്‍ത്തീകരിച്ച ഒൻപത് ഗ്രാമ പഞ്ചായത്തുകളിലായി കമ്പനിയുടെ കൈവഴികളായ 419 തോടുകളും നിര്‍ച്ചാലുകളും കണ്ടെത്തി പേര് നല്‍കി അടയാളപെടുത്തിയിട്ടുണ്ട്.