സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന കരുതലും കൈത്താങ്ങും  സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിൽ നിർവഹിച്ചു. മേയ്  എട്ട് വരെയാണ് ജില്ലയിൽ താലൂക്ക്തല അദാലത്തുകൾ നടക്കുക.

കോഴിക്കോട് താലൂക്ക് അദാലത്ത് മെയ് രണ്ടിന് മലബാർ ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിലും താമരശ്ശേരി താലൂക്ക് അദാലത്ത് മെയ് നാലിന് താമരശ്ശേരി ഗവ.യുപി സ്കൂളിലും കൊയിലാണ്ടി താലൂക്ക് അദാലത്ത് മെയ് ആറിന് കൊയിലാണ്ടി ടൗൺഹാളിലും വടകര താലൂക്ക് അദാലത്ത് മെയ് എട്ടിന് വടകര ടൗൺഹാളിലും നടക്കും. രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് അദാലത്തുകൾ നടക്കുക.

ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്, റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ, വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ, തുറമുഖം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ എന്നിവരുടെ നേതൃത്വത്തിലാണ് ജില്ലയിൽ താലൂക്ക്തല അദാലത്തുകൾ നടക്കുന്നത്.

ജില്ലയിൽ ഇതുവരെ 4,207 അപേക്ഷകളാണ് ലഭിച്ചത്. കോഴിക്കോട് താലൂക്കിൽ 1,451 അപേക്ഷകളും കൊയിലാണ്ടി താലൂക്കിൽ 1,117 അപേക്ഷകളും വടകര താലൂക്കിൽ 1,039 അപേക്ഷകളും താമരശ്ശേരി താലൂക്കിൽ 600 അപേക്ഷകളുമാണ് ലഭിച്ചത്.