അസുഖ ബാധിതയായ റുബീന ഇപ്പോൾ സന്തോഷവതിയാണ്. തന്റെ തുടർ ചികിത്സയ്ക്കും ജീവിതത്തിനും സർക്കാർ ഒപ്പമുണ്ടെന്ന് അവർക്കറിയാം. ചാവക്കാട് നടന്ന കരുതലും കൈത്താങ്ങും അദാലത്തിൽ റുബീനയ്ക്ക് സ്വന്തമായി ബിപിഎൽ റേഷൻ കാർഡ് ലഭ്യമായി. അദാലത്തിൽ മന്ത്രിമാരായ കെ രാജൻ, കെ രാധാകൃഷ്ണൻ ആർ ബിന്ദു എന്നിവരുടെ സാന്നിധ്യത്തിൽ റുബീന റേഷൻ കാർഡ് ഏറ്റുവാങ്ങി.
അവാസ്കുലർ നെക്രോസിസ് എന്ന രോഗം മൂലം നടക്കാൻ ബുദ്ധിമുട്ട് നേരിടുകയാണ് പാലുവായ് കാഞ്ഞിരപറമ്പിൽ റുബീന. സർജറി നടത്തണമെന്ന ഡോക്ടറുടെ നിർദ്ദേശം എങ്ങനെ യാഥാർത്ഥ്യമാക്കുമെന്ന ചിന്തയിലിരിക്കുമ്പോഴാണ് കരുതലും അദാലത്തും അവർക്ക് താങ്ങായത്.
സ്വന്തമായി റേഷൻ കാർഡ് ഇല്ലാത്തതിനാൽ റുബീനയ്ക്ക് സർക്കാർ ആനുകൂല്യം ലഭിച്ചിരുന്നില്ല. റുബീനയുടെ മാതാപിതാക്കൾ ക്യാൻസർ മൂലം നേരത്തെ മരണപ്പെട്ടിരുന്നു. റുബീന അവിവാഹിതയാണ്. കെമിസ്ട്രിയിൽ പി എച്ച് ഡി നേടിയ റുബീന മാലദ്വീപിൽ കെമിസ്ട്രി അധ്യാപികയായി ജോലി ചെയ്തിരുന്നു. അസുഖത്തെ തുടർന്ന് അഞ്ച് വർഷമായി ചികിത്സയിലാണ്. സനറബ്സ് എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന എഴുത്തുകാരി കൂടിയാണ് റുബീന.