സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന കരുതലും കൈത്താങ്ങും ചാവക്കാട് താലൂക്ക് തല അദാലത്തിൽ കുഞ്ഞുമോളമ്മയ്ക്ക് സുരക്ഷിത ഭവനം ഒരുങ്ങും
എടക്കഴിയൂർ സ്വദേശിയാണ് കുഞ്ഞുമോൾ. മൂന്ന് പതിറ്റാണ്ടിൽ കൂടുതൽ പഴക്കമുള്ള വീട്ടിലാണ് 75 കാരിയായ കുഞ്ഞുമോൾ താമസിക്കുന്നത്.
കാലപ്പഴക്കം കാരണം വാസയോഗ്യമല്ലാത്തതും അപകട സാഹചര്യവും മുൻനിർത്തിയാണ് ലൈഫിൽ അപേക്ഷ നൽകുന്നത്. തുടർന്ന് കുഞ്ഞുമോൾ ലൈഫിന്റെ ആദ്യ പട്ടികയിൽ ഇടംപിടിച്ചു. പരിശോധന നടത്തിയ ഉദ്യോഗസ്ഥർ വീട് വാസയോഗ്യമാണെന്നും അതിനാൽ ലൈഫിൽ ഉൾപ്പെടുത്താൻ സാധിക്കില്ലെന്നും റിപ്പോർട്ട് നൽകി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിളിച്ചുചേർത്ത അദാലത്തിൽ മരുമകന്റെ മരണത്തെ തുടർന്ന് കുഞ്ഞുമോൾ അമ്മയ്ക്ക് പങ്കെടുക്കാൻ സാധിച്ചില്ല. അങ്ങനെ ലൈഫ് പട്ടികയിൽ നിന്ന് ഒഴിവാകുന്ന സാഹചര്യമുണ്ടായി.
വസ്തുതകൾ പരിഗണിച്ച് അർഹതപ്പെട്ട വീട് അനുവദിച്ചു തരണമെന്ന് ആയിരുന്നു കുഞ്ഞുമോളമ്മയുടെ ആവശ്യം. പ്രായാധിക്യ അവശതകൾ അനുഭവിക്കുന്ന കുഞ്ഞുമോളമ്മയ്ക്ക് വേണ്ടി അവരുടെ രണ്ട് പെൺമക്കളാണ് കരുതലും കൈത്താങ്ങും അദാലത്തിൽ പരാതിയുമായി എത്തിയത്. പരാതി കേട്ട പട്ടികജാതി പട്ടികവർഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി വീട് ലഭ്യമാക്കുന്നതിന് പഞ്ചായത്ത് സെക്രട്ടറി പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കാൻ ഉത്തരവിട്ടു.