മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ്് കൗളിന്റെ നേതൃത്വത്തിൽ പുതുപ്പള്ളി നിയമസഭാ ഉപതെരഞ്ഞെടുപ്പിലെ ഒരുക്കങ്ങളും ക്രമീകരണങ്ങളും വിലയിരുത്തി. തെരഞ്ഞെടുപ്പു നിരീക്ഷരായ യുഗൽ കിഷോർ പന്ത്, വി. ഹർഷവർദ്ധൻ രാജു, ഡി. ലഷ്മികാന്ത, ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി, വരണാധികാരി ആർ.ഡി.ഒ. വിനോദ് രാജ്, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ എൻ. സുബ്രഹ്‌മണ്യൻ എന്നിവരുമായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ഒരുക്കങ്ങൾ ചർച്ച ചെയ്തു. സ്ഥിതിഗതികൾ വിലയിരുത്തി.
രാവിലെ തെരഞ്ഞെടുപ്പു നിരീക്ഷകർ സ്‌ട്രോങ് റൂം, കൗണ്ടിങ് സെന്റർ, വോട്ടിംഗ് യന്ത്രങ്ങൾ നിലവിൽ സൂക്ഷിച്ചിരിക്കുന്ന വെയർ ഹൗസ് എന്നിവിടങ്ങളിൽ സന്ദർശനം നടത്തി ക്രമീകരണങ്ങളും സുരക്ഷയും വിലയിരുത്തി.
ബസേലിയോസ് കോളജിന്റെ ഓഡിറ്റോറിയമാണ് കൗണ്ടിംഗ് സെന്റർ. ഓഡിറ്റോറിയത്തോടു ചേർന്നുള്ള കോളജ് കെട്ടിടമാണ് സ്‌ട്രോംഗ് റൂം. രണ്ടിടവും സന്ദർശിച്ചു സൗകര്യങ്ങൾ വിലയിരുത്തിയശേഷം ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിട്ടുള്ള തിരുവാതുക്കൽ എ.പി.ജെ. അബ്ദുൾ കലാം ഓഡിറ്റോറിയത്തിൽ പുരോഗമിച്ചുകൊണ്ടിരിക്കുന്ന വോട്ടിംഗ് യന്ത്രങ്ങളുടെ പ്രാഥമിക പരിശോധനയും നിരീക്ഷകർ വിലയിരുത്തി. കളക്‌ട്രേറ്റിലെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന മീഡിയ സർട്ടിഫിക്കേറ്റഷൻ ആൻഡ് മീഡിയ മോണിട്ടറിംഗ് സെല്ലും താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന മാതൃകാപെരുമാറ്റച്ചട്ടത്തിന്റെ കൺട്രോൾ റൂമും നിരീക്ഷകർ സന്ദർശിച്ചു.
തുടർന്ന് നിയോജമണ്ഡലത്തിലെ പുതുപ്പള്ളി പഞ്ചായത്തിലെ പുതുപ്പള്ളി ജോർജിയൻ പബ്ലിക് സ്്കൂളിലെ പോളിങ് ബൂത്തുകൾ നിരീക്ഷകർ സന്ദർശിച്ചു. തെരഞ്ഞെടുപ്പിൽ ലഹരിവസ്തുക്കളും കള്ളപ്പണവും അടക്കമുള്ളവയുടെ ഒഴുക്ക് നിയന്ത്രിക്കുന്നതിനായി മണ്ഡലത്തിന്റെ അതിർത്തികളിൽ നിയോഗിച്ചിട്ടുള്ള സ്റ്റാറ്റിക് സർവൈലൻസ് ടീമുകളുടെ പ്രവർത്തനവും നിരീക്ഷകരുടെ സംഘം നേരിട്ടു കണ്ടു വിലയിരുത്തി.