മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിന്റെ പ്രചരണാര്‍ത്ഥം തയ്യാറാക്കിയിട്ടുള്ള പോസ്റ്ററുകളുടെ പ്രകാശനം ജില്ലയിലെ അഞ്ച് നിയോജകമണ്ഡലങ്ങളിലായി നാളെ ( 24 ) നടക്കും. ദേവികുളം, ഉടുമ്പന്‍ചോല , പീരുമേട് നിയോജകമണ്ഡലങ്ങളില്‍ അതത് എം എല്‍ എ മാരും , ഇടുക്കിയില്‍ കളക്ടര്‍ ഷീബ ജോര്‍ജ്ജ് , തൊടുപുഴയില്‍ നഗരസഭ അധ്യക്ഷന്‍ സനീഷ് ജോര്‍ജ്ജ് എന്നിവര്‍ പ്രകാശനകര്‍മ്മം നിര്‍വഹിക്കും. തുടര്‍ന്ന് ബൂത്ത് തലത്തില്‍ പോസ്റ്ററുകള്‍ എത്തും. നവകേരള സദസ്സിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ കത്ത് ഓരോ കുടുംബങ്ങളിലേക്കും എത്തിക്കുന്നതിനുവേണ്ട നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. നിയോജകമണ്ഡല അടിസ്ഥാനത്തില്‍ രൂപീകരിച്ചിട്ടുള്ള സംഘാടകസമിതികളാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

ഡിസംബര്‍ 10,11,12 തീയതികളിലാണ് ജില്ലയില്‍ നവകേരള സദസ്സ് നടക്കുക. ഡിസംബര്‍ 10 ന് ഉച്ചതിരിഞ്ഞ് ജില്ലയുടെ അതിര്‍ത്തി പ്രദേശമായ മടക്കത്താനത്ത് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സ്വീകരണം നല്‍കും. തുടര്‍ന്ന് വൈകീട്ട് 6 ന് തൊടുപുഴ നിയോജകമണ്ഡലത്തിലെ നവകേരള സദസ്സ് ഗാന്ധി സ്‌ക്വയര്‍ മൈതാനത്ത് നടക്കും. ഇടുക്കി മണ്ഡലത്തില്‍ 11 ന് രാവിലെ 9.30 ന് ചെറുതോണി ടൗണ്‍ ഹാളില്‍ പ്രഭാതയോഗം നടക്കും . പതിനൊന്ന് മണിക്ക് ഐ ഡി എ ഗ്രൗണ്ടില്‍ നവകേരളസദസ്. രണ്ട് മണിയോടെ മുഖ്യമന്ത്രിയും മന്ത്രിമാരും ദേവികുളം മണ്ഡലത്തിലേക്ക് തിരിക്കും. അടിമാലി ടൗണില്‍ 2.45 ന് സ്വീകരണം. തുടര്‍ന്ന് അടിമാലി വിശ്വദീപ്തി പബ്ലിക് സ്‌കൂളില്‍ ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് നവകേരള സദസ് നടത്തും.

ഉടുമ്പന്‍ചോല മണ്ഡലത്തിലെ നവകേരള സദസ് നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂള്‍ ഗ്രൗണ്ടില്‍ വൈകീട്ട് ആറിന് നടക്കും. രാത്രി പീരുമേട് മണ്ഡലത്തിലേക്ക് തിരിക്കും. ഡിസംബര്‍ 12 ന് രാവിലെ തേക്കടിയിലായിരിക്കും മന്ത്രിസഭ യോഗം ചേരുക. തുടര്‍ന്ന് രാവിലെ 11 ന് പീരുമേട് മണ്ഡലത്തിലെ നവകേരള സദസ്സ് വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്ത് മിനി സ്റ്റേഡിയത്തില്‍ നടക്കും.