ദിനം പ്രതി വർധിക്കുന്ന പെട്രോൾ വിലക്കനുസരിച്ച് സാധാരണക്കാർക്ക് ഏറെയുള്ള ചില സംശയങ്ങളാണ് പെട്രോൾ പമ്പുകളിൽ കൃത്രിമം നടക്കുന്നുണ്ടോ എന്നത്. പൊതു വിപണിയിലെ അളവ് തൂക്ക ഉപകരണങ്ങളിലെ എല്ലാ നിയമ ലംഘനങ്ങളെ കുറിച്ചും വ്യക്തമായി മനസിലാക്കാൻ പൊന്നാനിയിൽ നടക്കുന്ന ‘എന്റെ കേരളം’ പ്രദർശന മേളയിലെ ലീഗൽ മെട്രോളജി പവലിയനിൽ സംവിധാനമുണ്ട്.
_പെട്രോൾ അളവിൽ സംശയം തോന്നിയാൽ_
വാഹനങ്ങളിൽ നിറയ്ക്കുന്ന ഇന്ധനത്തിന് നൽകുന്ന പണത്തിന്റെ മൂല്യത്തിനനുസരിച്ച് അളവ് ലഭിക്കുന്നില്ല എന്ന സംശയം പല ആളുകളും പ്രകടിപ്പിക്കാറുണ്ട്. ഇത്തരത്തിൽ സംശയം തോന്നിയാൽ ലീഗൽ മെട്രോളജി പരിശോധിച്ച് ഉറപ്പു വരുത്തിയ അഞ്ച് ലിറ്ററിന്റെ കോണിക്കൽ അളവ് പാത്രങ്ങൾ ഉപയോഗിച്ച് അളവ് കൃത്യമാണോ എന്ന് ഉറപ്പുവരുത്താം.
ഇതോടൊപ്പം കൂടുതൽ പരിശോധനകൾക്ക് ഫീൽഡ് ടെസ്റ്റിങ് മെഷീനും ഉപയോഗിക്കാം.
_മീറ്ററിൽ കൃത്രിമം നടത്താൻ കഴിയുമോ_
പെട്രോൾ പമ്പുകളിലെ മെഷീനിൽ കൃത്രിമം കാണിക്കുക വളരെ പ്രയാസമേറിയ കാര്യമാണ്. പമ്പുകളിലെ മെഷീൻ തുറക്കാൻ ലീഗൽ മെട്രോളജിയുടെ അനുമതി അത്യാവശ്യമാണ്. കൃത്യമായ ഇടവേളകളിൽ പമ്പുകളിലെ മെഷീനിലെ യൂണിറ്റ് ലീഗൽ മെട്രോളജി ഉദ്യോഗസ്ഥർ പരിശോധിച്ച് കമ്പികെട്ടി സീൽ ചെയ്യാറുണ്ട്. പുതിയ മെഷീനുകൾ ഉപയോഗിക്കുന്ന പമ്പുകളിൽ കൃത്രിമം നടത്താൻ ശ്രമിച്ചാൽ ഒ.ടി.പി സംവിധാനം വഴി ഇവ ലീഗൽ മെട്രോളജിയിലും ഇന്ധന കമ്പനികൾക്കും ഉടൻ തന്നെ അറിയാൻ സാധിക്കും. ഇതുപോലെ തന്നെ എൽ.പി.ജി നിറക്കുന്ന പമ്പുകളിലെ അളവുകൾ പരിശോധിച്ച് ഉറപ്പുവരുത്താൻ എൽ.പി.ജി പ്രൂവർ ഉപകരണവും ലീഗൽ മെട്രോളജി വകുപ്പ് ഉപയോഗിക്കുന്നു.
_എന്തിനൊക്കെ അനുമതി വാങ്ങണം_
വിപണിയിൽ ഉപയോഗിക്കുന്ന എല്ലാ തരം അളവ്, തൂക്ക, വില നിർണയ ഉപകരണങ്ങളിലും ലീഗൽ മെട്രോളി വകുപ്പിന്റെ സീൽ പതിപ്പിക്കേണ്ടത് നിർബന്ധമാണ്. ഇവ വർഷാവർഷം പുതുക്കേണ്ടതാണ്. പാചകവാതക സിലിൻഡർ, രക്തസമ്മർദം പരിശോധിക്കുന്ന ഉപകരണം, തെർമോമീറ്റർ എന്നിവ നിർമാതാക്കൾ തന്നെ ലീഗൽ മെട്രോളജിയുടെ പരിശോധനകൾ പൂർത്തിയാക്കി മാത്രമേ വിപണനം ചെയ്യാൻ പാടുള്ളു. വെയ് ബ്രിഡ്ജ്, പെഗ് മെഷീൻ, ഓട്ടോറിക്ഷാ മീറ്റർ എന്നിവ എല്ലാ വർഷവും മെട്രോളജി വകുപ്പിനെ കൊണ്ട് സീൽ ചെയ്യിക്കണം.
_പരാതികളുണ്ടെങ്കിൽ_
വിപണിയിലെ അളവ്, തൂക്കം, വില എന്നിവ യുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്ക് പരാധികൾ ഉണ്ടെങ്കിൽ ജില്ലകളിലെ ലീഗൽ മെട്രോളജി അധികൃതരുമായി ബന്ധപ്പെടുക. aclmmlp@gmail.com, 048327 66157