വിദ്യാര്‍ഥികളില്‍ കാലാവസ്ഥ സാക്ഷരത കൈവരിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലകളില്‍ എസ്എസ്‌കെയുടെ ആഭിമുഖ്യത്തില്‍ ‘മണ്‍സൂണും കുട്ട്യോളും’ എന്ന പേരില്‍ ഏകദിന ശില്പശാല നടത്തി.
കേരള സ്‌കൂള്‍ വെതര്‍ സ്റ്റേഷന്‍’ എന്ന പേരില്‍ കേരളത്തിലെ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ സ്ഥാപിച്ച സ്‌കൂള്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ തുടര്‍ പരിപാടിയായാണ് ശില്‍പശാല സംഘടിപ്പിക്കുന്നത്.
മണ്‍സൂണ്‍ മഴയുടെ സ്വഭാവം, കാലാവസ്ഥ മാറ്റങ്ങള്‍, ദിനാവസ്ഥ വിവരശേഖരണം,വിവര വിശകലനം എന്നിവയെ കുറിച്ച് വിദ്യാര്‍ഥികളില്‍ അവബോധം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ശില്പശാല സംഘടിപ്പിക്കുന്നത്. ഇതിന്റെ തുടര്‍ച്ചയായി സപ്തംബറില്‍ കേരളത്തില്‍ ദേശീയ വിദ്യാര്‍ഥി കാലാവസ്ഥ സമ്മേളനവും സംഘടിപ്പിക്കും.
കണ്ണൂര്‍ ജില്ലാതല ശില്പശാല തോട്ടട ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ കോര്‍പ്പറേഷന്‍ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ സുരേഷ് ബാബു എളയാവൂര്‍ ഉദ്ഘാടനം ചെയ്തു. കൊച്ചിന്‍ ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല റഡാര്‍ വിഭാഗം ഗവേഷണ ശാസ്ത്രജ്ഞന്‍ ഡോ എം ജി മനോജ് ക്ലാസെടുത്തു.
പിടിഎ പ്രസിഡന്‌റ് വി വി ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. വര്‍ക്കല എസ്എന്‍ കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. കെ സി പ്രീത മുഖ്യാതിഥി ആയി.  എസ്എസ്‌കെ ജില്ലാ പ്രൊജക്ട് കോര്‍ഡിനേറ്റര്‍ ഇ സി വിനോദ്. പ്രോഗ്രാം ഓഫീസര്‍മാരായ ഡോ രമേശന്‍ കടൂര്‍, ഡോ സബിത്, ബിപിസി വിനോദ് കുമാര്‍, പ്രിന്‍സിപ്പല്‍ കെ എസ് ദേവി, ഹെഡ്മിസ്ട്രസ് പി പി  ഇന്ദിര, സി സജു, വിനീഷ് എന്നിവര്‍ സംസാരിച്ചു. ജില്ലയിലെ ഭൂമിശാസ്ത്രം ഐച്ഛിക വിഷയമായിട്ടുള്ള തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികളാണ് ശില്പശാലയില്‍ പങ്കെടുക്കുന്നത്.