കൊയിലാണ്ടി നഗരസഭയിലെ കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരമാകുന്ന കുടിവെള്ള പദ്ധതിയുടെ പ്രവൃത്തികള്‍ അന്തിമഘട്ടത്തിലേക്ക്. കുടിവെള്ളത്തിന് ഏറ്റവും ദുരിതമനുഭവിക്കുന്ന നഗരസഭയുടെ തീരദേശ മേഖലയിലെയും മലയോരത്തിന്റെയും കുടിവെള്ള പ്രശ്‌നം പരിഹരിക്കാന്‍ പോകുന്ന പദ്ധതിയാണ് അവസാനഘട്ട പ്രവൃത്തിയിലേക്ക് നീങ്ങുന്നത്. കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീലയുടെ ഇടപെടലിലൂടെയാണ് കുടിവെള്ള പദ്ധതിയുടെ പ്രവൃത്തിക്ക് വേഗത കൈവരിച്ചത്.
കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതിന്റെ ആദ്യഘട്ട പ്രവൃത്തിയുടെ ഭാഗമായി കിഫ് ബി മുഖേന 85 കോടി രൂപ ചെലവിട്ട് നഗരസഭയില്‍ മൂന്ന് ടാങ്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. വലിയ മലയിലും, കോട്ടക്കുന്നിലും സിവില്‍ സ്റ്റേഷന് സമീപമുള്ള വാട്ടര്‍ അതോറിറ്റിയുടെ ഓഫീസിന് മുകളിലായുമാണ് വാട്ടര്‍ ടാങ്ക് സ്ഥാപിച്ചത്. ഇതില്‍ വലിയ മലയിലെയും കോട്ടക്കുന്നിലെയും ടാങ്കുകള്‍ 17 ലക്ഷം ലിറ്റര്‍ വെള്ളം ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ളതും വാട്ടര്‍ അതോറിറ്റി ഓഫീസിലേത് 23 ലക്ഷം ലിറ്റര്‍ വെള്ളം ഉള്‍ക്കൊള്ളാവുന്നതുമാണ്. പെരുവണ്ണാമൂഴിയില്‍ നിന്നും ടാങ്കുകളിലേക്ക് വെള്ളം എത്തിക്കാനുള്ള പ്രധാന പൈപ്പ്ലൈന്‍ സ്ഥാപിക്കലും ഇതിനോടകം പൂര്‍ത്തിയായി.
കുടിവെള്ള പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി നിലവില്‍ സ്ഥാപിച്ചു കഴിഞ്ഞ ടാങ്കുകളില്‍ നിന്ന് നഗരസഭയുടെ പല ഭാഗങ്ങളിലേക്കായ് ജലവിതരണ ശൃംഖല പൈപ്പുകൾ സ്ഥാപിക്കുന്ന പ്രവൃത്തി നടക്കേണ്ടതുണ്ട്. ഇതിനായി 120 കോടി രൂപയുടെ കിഫ്ബി പദ്ധതിക്ക് സാമ്പത്തിക അനുമതിയും ലഭിച്ചിട്ടുണ്ട്. വാട്ടര്‍ അതോറിറ്റിയില്‍ നിന്നും സാങ്കേതിക അനുമതി കിട്ടുന്നതോടെ ഈ പ്രവൃത്തിയും വേഗത്തിലാകും.
നഗരസഭാ പരിധിയിൽ 20000 വീടുകളില്‍ ജലവിതരണം ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി. നഗരസഭകളില്‍ നടപ്പിലാക്കുന്ന അമൃത് പദ്ധതിയ്ക്ക് കീഴിലും ഫണ്ട് ഇതിനായ് മാറ്റിവെച്ചിട്ടുണ്ട്. 20 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. 15000 ഗാർഹിക കണക്ഷന്‍ നല്‍കാന്‍ ഈ തുക ഉപയോഗപ്പെടുത്തും. ഇതിന്റെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. ബാക്കി വരുന്ന 5000 ഗാർഹിക കണക്ഷനുകൾ കിഫ്ബിയുടെ 120 കോടി പദ്ധതിക്ക് കീഴില്‍ ഉള്‍പ്പെടുത്തി പൂർത്തീകരിക്കും.
കൊയിലാണ്ടി നഗരസഭയുടെ തീരപ്രദേശങ്ങളില്‍ വേനല്‍ക്കാലമായാല്‍ ഒരിറ്റു കുടിവെള്ളത്തിനായി നഗരസഭ കുടിവെള്ള ടാങ്കര്‍ ലോറികള്‍ മാത്രമായിരുന്നു ഏകാശ്രയം. നഗരസഭയുടെ മറ്റു ഭാഗങ്ങളിലും മലയോര പ്രദേശത്തും കുടിവെള്ള ക്ഷാമം രൂക്ഷമായിരുന്നു. ഈ പ്രശ്‌നത്തിനാണ് സര്‍ക്കാര്‍ ധനസഹായം വഴി സമ്പൂര്‍ണ പരിഹാരമാകാന്‍ പോകുന്നത്. അടുത്ത വര്‍ഷം വേനല്‍ക്കാലത്തിന് മുമ്പായി തന്നെ പദ്ധതി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ഇതോടെ നഗരസഭയിലെ കുടിവെള്ള പ്രശ്നത്തിന് സമ്പൂര്‍ണ പരിഹാരമാകുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. എത്രയും പെട്ടെന്ന് തന്നെ പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ ദ്രുതഗതിയിലാണ് പ്രവൃത്തികള്‍ പുരോഗമിക്കുന്നത്.