സംസ്ഥാനത്തിന്റെ ജല ലഭ്യതക്ക് അനുസരിച്ചു ജലവിനിയോഗവും ഇത് സംബന്ധിച്ചുള്ള പദ്ധതി ആസൂത്രണവും ആവശ്യമാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. ഈ ദിശയിലുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് രാജ്യത്താദ്യമായി കേരളത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തിൽ ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ ജലബജറ്റ് തയ്യാറാക്കാൻ തുടക്കമിട്ടതെന്നും അദ്ദേഹം പറഞ്ഞു.
നവകേരളം കർമപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷനും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും സംയുക്തമായി സംഘടിപ്പിക്കുന്ന ജലസംരക്ഷണ സാങ്കേതിക സമിതി ശിൽപ്പശാല കോവളം വെള്ളാർ ക്രാഫ്റ്റ് വില്ലേജിൽ ഓൺലൈൻ ആയി ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു പ്രദേശത്ത് ലഭിക്കുന്ന ജലം നഷ്ടപ്പെടാതെ പൂർണമായും പ്രയോജനപ്പെടുത്താനായാൽ നമ്മുടെ സംസ്ഥാനത്തിന്റെ മിക്ക ഇടങ്ങളിലും ആവശ്യമായ ജലം ഇവിടെ തന്നെ ലഭിക്കുന്നുണ്ട് എന്നാണ് പൊതുവെ കണ്ടെത്തിയിരിക്കുന്നതെന്നു മന്ത്രി ചൂണ്ടിക്കാട്ടി. കേരളത്തിൽ ഏറ്റവും ശ്രദ്ധേയമായ ജലസംരക്ഷണ പ്രവർത്തനങ്ങൾക്കാണ് ഹരിത കേരളം മിഷൻ നേതൃത്വം നൽകുന്നതെന്നും മന്ത്രി പറഞ്ഞു.
ചുരുങ്ങിയ സമയം കൊണ്ട് നിരവധി ജല സ്രോതസുകൾ സംസ്ഥാനത്ത് വീണ്ടെടുക്കാനായെന്നും എന്നാൽ അവയുടെ തുടർ സംരക്ഷണം സുപ്രധാനമാണെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ച നവകേരളം കർമപദ്ധതി സംസ്ഥാന കോർഡിനേറ്റർ ഡോ. ടി. എൻ. സീമ പറഞ്ഞു.ഇതിനായി വിവിധ വകുപ്പുകളുടെയും ഏജൻസിയുടെ ശ്രമം ആവശ്യമാണ്. ജനങ്ങൾ ഈ പ്രവർത്തനങ്ങൾ ഏറ്റെടുക്കേണ്ടതുണ്ടെന്നും ഡോ.ടി. എൻ സീമ അഭിപ്രായപ്പെട്ടു. വരൾച്ച മുന്നിൽ കണ്ട് വൻ ജലസംരക്ഷണ പ്രവർത്തനങ്ങൾക്കായുള്ള മുന്നൊരുക്കവും ആസൂത്രണവുമാണ് സംസ്ഥാനത്ത് നടന്നു വരുന്നത്.
‘ജലസംരക്ഷണ പ്രവർത്തനങ്ങളും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും’ എന്ന വിഷയത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മിഷൻ ഡയറക്ടർ എ. നിസാമുദ്ദീൻ ക്ലാസ് നയിച്ചു. വിവിധ വകുപ്പ് മേധാവികളുടെ നേതൃത്വത്തിൽ പരിശീലനത്തോടനുബന്ധിച്ച് ജില്ലകളുടെ അവതരണങ്ങൾ, അവതരണങ്ങളുടെ ക്രോഡീകരണം, ജലസംരക്ഷണം കാമ്പയിൻ അവതരണം, ജില്ലാ പ്രവർത്തനങ്ങളുടെ ആസൂത്രണം, ജില്ലാ ഗ്രൂപ്പ് അവതരണങ്ങൾ എന്നിവ ശില്പശാലയിൽ ക്രമീകരിച്ചട്ടുണ്ട്.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രോഗ്രാം ഓഫീസർ പി. ബാലചന്ദ്രൻ നായർ സ്വാഗതം പറഞ്ഞു. കൃഷി, മണ്ണ്-ജല സംരക്ഷണം, ജലസേചനം, ഭൂജലം, MGNREGS, ഹരിതകേരളം മിഷൻ, ജല അതോറിറ്റി, തദ്ദേശ സ്വയം ഭരണം തുടങ്ങി വിവിധ വകുപ്പുകളി ളെയും ഏജൻസികളിലെയും പ്രതിനിധികൾ ഉൾപ്പെടുന്ന ജല സംരക്ഷണ സാങ്കേതിക സമിതിയിലുള്ളവർ ശില്പശാലയിൽ പങ്കെടുത്തു.