പൊതുവിദ്യാലയങ്ങൾ അടച്ചുപൂട്ടാതെ സംരക്ഷിച്ചത് സർക്കാറിന്റെ നിശ്ചയദാർഢ്യം: മുഖ്യമന്ത്രി
അനാദായകരം എന്ന പട്ടികയിൽപ്പെടുത്തി പൊതുവിദ്യാലയങ്ങൾ അടച്ചുപൂട്ടുന്നത് ഒഴിവാക്കാൻ കഴിഞ്ഞത്, സർക്കാറിന്റെ നിശ്ചയദാർഢ്യത്തോടെയുള്ള ഇടപെടലിന്റെ ഭാഗമായാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി കണ്ണൂരിലെ പെരളശ്ശേരി എ.കെ.ജി. സ്മാരക ജി.എച്ച്.എസ്.എസിൽ 20 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച ബഹുനില കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
2016ന് ശേഷം കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങളാണ് വന്നത്. 2016 കേരളത്തിലെ വിദ്യാഭ്യാസ മേഖലയ്ക്ക് വലിയ അപചയം സംഭവിച്ച കാലമായിരുന്നു. സർക്കാർ അവഗണിക്കുന്ന നിലപാട് മൂലം പൊതുവിദ്യാലയങ്ങളിൽ വലിയ ശോചനീയാവസ്ഥ വന്നുചേർന്നു. നമ്മുടെ നാട്ടിൽ ഉയർന്നുവന്ന അൺ എയ്ഡഡ് സ്‌കൂളുകൾക്ക് പ്രത്യക്ഷമായും പരോക്ഷമായും പ്രോത്സാഹനവും പിന്തുണയും ലഭിച്ചു. അക്കാലത്ത് അഞ്ച് ലക്ഷം കുട്ടികളാണ് പൊതുവിദ്യാലയങ്ങളിൽനിന്ന് കൊഴിഞ്ഞുപോയത്. പൊതുവിദ്യാഭ്യാസം അതേ രീതിയിൽ നിൽക്കുമോമെന്ന ആശങ്ക വലിയ തോതിൽ ഉയർന്നുവന്നു.
അനാദായകരം എന്ന പട്ടിക തയ്യാറാക്കി അത്തരത്തിലുള്ള സ്‌കൂളുകൾ അടച്ചുപൂട്ടുന്ന നില വന്നു. ആ പട്ടികയിൽ നാലായിരം സ്‌കൂളുകൾ ദയാവധം കാത്തുനിൽക്കുന്നുണ്ടായിരുന്നു. പൊതുവിദ്യാഭ്യാസത്തെ സ്‌നേഹിക്കുന്ന എല്ലാവരിലും വലിയ ആശങ്കയും മനോവേദനയും ഉണ്ടായി. ആ ഘട്ടത്തിലാണ് 2016ൽ എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വരുന്നത്. ആ സർക്കാർ പൊതുവിദ്യാഭ്യാസ മേഖലയുടെ സംരക്ഷണത്തിന് ആവശ്യമായ നടപടികൾ സ്വീകരിച്ചു. അങ്ങിനെയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്ന മിഷൻ ആരംഭിച്ചത്. നാടാകെ അതിന് പിന്നിൽ അണിനിരന്നു. വിദ്യാർഥികളും അധ്യാപകരും പൂർവ്വ വിദ്യാർഥികളും രക്ഷിതാക്കളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നാടാകെ സഹകരിച്ച് ഓരോ വിദ്യാലയവും മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. പൊതുവിദ്യാഭ്യാസ മേഖലയുടെ വികസനത്തിനായി സർക്കാർ 5,000 കോടി രൂപ ചെലവഴിച്ചു. അതോടൊപ്പം നാടും നാട്ടുകാരും വലിയ തോതിൽ സഹകരിക്കുകയും വലിയ പിന്തുണ നൽകുകയും ചെയ്തു. അങ്ങിനെയാണ് തകർന്നുപോകുമായിരുന്ന പൊതുവിദ്യാഭ്യാസ മേഖലയെ സംരക്ഷിച്ചെടുക്കാൻ നമുക്ക് കഴിഞ്ഞത്.
ആ പൊതുയാത്രയിൽ പെരളശ്ശേരി എ.കെ.ജി സ്മാരക ജിഎച്ച്എസ്എസും നല്ലതുപോലെ പങ്കുചേർന്നു. 2016 മുതൽ നിരവധി പദ്ധതികൾ ഈ സ്‌കൂളിൽ നടപ്പിലാക്കി. 2018ൽ ഏഴര കോടി രൂപയുടെ പദ്ധതികളും 2020ൽ ഏഴ് കോടിയുടെ പദ്ധതിയും 2022ൽ മൂന്ന് കോടിയുടെ പദ്ധതിയും നടപ്പിലാക്കി. സ്മാർട്ട് ക്ലാസ് റൂമുകൾ പണിയുന്നതിനായി ഒരു കോടി രൂപയും അനുവദിച്ചു. കേരളത്തിലെ എണ്ണപ്പെടാവുന്ന സ്‌കൂളുകളിൽ ഒന്നായി പെരളശ്ശേരി സ്‌കൂൾ മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
പുതിയ കെട്ടിടത്തിൽ 41 ക്ലാസ് റൂമുകൾ, രണ്ട് സ്റ്റാഫ് റൂമുകൾ, പ്രിൻസിപ്പൽ, ഓഫീസ് റൂം, കമ്പ്യൂട്ടർ ലാബ്, ഓഡിറ്റോറിയം, ടോയ്‌ലറ്റ് സൗകര്യങ്ങൾ, പോർച്ച്, റാമ്പ്, പ്രവേശന കവാടം, ചുറ്റുമതിൽ എന്നിവയ്‌ക്കൊപ്പം ലിഫ്റ്റ് സൗകര്യവുമുണ്ട്. 12 ക്ലാസ് റൂമുകൾ സ്മാർട്ട് ക്ലാസ് റൂമുകളാക്കിയിട്ടുണ്ട്.
ചടങ്ങിൽ പൊതുവിദ്യാഭ്യാസം, തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷനായി. ഡോ. വി. ശിവദാസൻ എം.പി., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ. രത്നകുമാരി, മുൻ എം.എൽ.എമാരായ കെ.കെ. നാരായണൻ, എം.വി. ജയരാജൻ എന്നിവർ വിശിഷ്ടാതിഥികളായി.